ഞാന്‍ ഏഴാം തരം വരെ പഠിച്ച മനക്കുളങ്ങര കൃഷ്ണ വിലാസം യു.പി സ്കൂളിന്റെ ഓര്‍മ്മകള്‍ ഓടി വന്നു. ഒരു തനി നാട്ടിന്‍ പുറത്തെ പള്ളിക്കൂടം… അവിടെ പഠിക്കുന്നത് കൂലിപ്പണിക്കാരുടെയും, കൃഷിപ്പണിക്കാരുടെയും മക്കള്‍. ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ അഹ്ലാദിച്ച് പഠിച്ച ഏഴുകൊല്ലം… അതിന്റെ നിറം, മണം, ശബ്ദം….
നിറം:
ക്ലാസ്സുമുറിയിലെ കറുത്ത ബോര്‍ഡ്, മാസത്തിലൊരിക്കല്‍ അത് കറുപ്പിക്കാന്‍ തേക്കുന്ന കടും നീല മഷിക്കട്ട. വെളുത്ത അക്ഷരങ്ങള്‍, ഡ്രോയിംഗ് മാഷ് വരക്കുന്ന പച്ചയും, മഞ്ഞയും കലര്‍ന്ന ഇലകള്‍, പൂക്കള്‍.
ചെളി പിടിച്ച് മുഷിഞ്ഞ ഡെസ്ക്കില്‍ കോമ്പസ്സു കൊണ്ടും, പേന കൊണ്ടും പോറിയിട്ട വരകളും, ചുവന്ന മഷിപ്പേനയാല്‍ ഞാന്‍ വരച്ചിട്ട ലിജോ മോന്‍ ബസ്സിന്റെ പടവും, ഡൊണാള്‍ഡ് ഡക്കും.
ക്ലാസിന്റെ മുകളിലെ അഴിക്കോലുകളില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഒട്ടിച്ച കാവിയും വെള്ളയും, പച്ചയും, അതിനൊപ്പം യൂത്ത് ഫെസ്റ്റിവലിന്റെ ബാക്കി ഉണങ്ങിയ കുരുത്തോലകളും.
ഇളം മഞ്ഞ, പച്ച, ചുവപ്പ് നിറത്തിലുള്ള ചോദ്യപ്പേപ്പറുകള്‍, കറുത്ത കുത്തുകളുള്ള വില കുറഞ്ഞ ഉത്തരക്കടലാസുകള്‍.
വരാന്തയിലേയും, ക്ലാസിലേയും സിമന്റിട്ടു മിനുക്കിയ തറയിലെ പൊളിഞ്ഞ് തുടങ്ങിയ ഭാഗങ്ങളിലെ വെളുത്ത പൊടി, മുഴുവന്‍ ഓട്ട വീണു തുടങ്ങിയ ചുമരുകളിലെ ചുടുകട്ടകളുടെ ചുവന്ന നിറം.
എന്റെ ക്ലാസിനു പിന്നിലെ വലിയ പഴച്ചക്ക പ്ലാവിന്റെ മഞ്ഞയും, പച്ചയും, ഉണക്കയും നിറഞ്ഞ ഇലകള്‍, താഴെ വീണ് ചീയുന്ന ചക്കയുടെ ഇളം പച്ച നിറം.
ചുവന്ന ചെളിവെള്ളം, ചുവന്ന ഗോലികളി ക്കളം, ചുവന്ന കാലുകള്‍, ക്ലാസ്സ് ഫോട്ടോ എടുക്കാന്‍ നേരത്ത് നെറ്റിയില്‍ ഇടുന്ന കുങ്കുമം.
ജോബിച്ചേട്ടന്റെ കടയിലെ ചുവന്ന നാരങ്ങ മുട്ടായി, കറുത്ത ഒട്ടിപ്പു മുട്ടായി, ഉപ്പിലിട്ട ലൂബിക്ക, നെല്ലിക്ക, ഇളം ചുവപ്പ് ചാമ്പക്ക. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന റൈനോള്‍ഡ്സ് പേനയുടെ നീല, വെള്ള നിറം, സ്കെച്ച് പേനകളുടെ സപ്ത വര്‍ണ്ണം.
മണം:
ഉച്ചക്ക് ചോറ്റുപത്രം തുറക്കുമ്പോള്‍ വരുന്ന മുഷിഞ്ഞ തൈരിന്റെയും, കൂര്‍ക്ക ഉപ്പേരിയുടെയും മണം, ലിന്റോന്റെ പാത്രത്തിലെ മീനിന്റെയും, മുട്ടയുടെയും മണം. പുറത്ത് ഇലയിലും, കിണ്ണത്തിലും വിളമ്പുന്ന റ്റ്യൂബ് ലൈറ്റ് പോലെ വെള്ള നിറത്തിലുള്ള കഞ്ഞിയും ചെറുപയറുപ്പേരിയും ചേര്‍ന്ന മണം.
ഔസ്സേപ്പേട്ടന്റെ കടയില്‍ ആദ്യമായി പോയി വാങ്ങിയ മണം വരുന്ന മഷിയുള്ള പേന, അവിടുത്തെ നാരങ്ങാ വെള്ളത്തിന്റെ മണം.
ശബ്ദം:
കൂട്ടുകാരോട് മുഴുവന്‍ ഡെസ്കില്‍ ചെവി വെക്കാന്‍ പറഞ്ഞിട്ട്, അതിനടിയില്‍ കയ്കള്‍ കൊണ്ട് ഞാന്‍ കൊട്ടുന്ന ശിങ്കാരി മേളം, വെടിക്കെട്ട്.
ബെല്ലടി മാഷ്ടെ ബെല്ലടികള്‍,
ജനഗണമനയുടെ “ജയഹേ” എന്ന് എല്ലാവരും കൂടി അലറുന്ന ശബ്ദം. “മാര്‍ച്ച് ബാക്ക്” എന്ന എന്റെ ശബ്ദം.
സുഭദ്രട്ടീച്ചറുടെ പേടിപ്പിക്കുന്ന കരകരപ്പന്‍ ശബ്ദം, തോമസ് മാഷുടെ രാവണശബ്ദം, ഡ്രോയിംഗ് മാഷുടെ ഒച്ചയില്ലാത്ത ശബ്ദം.
ചില രങ്കങ്ങള്‍ (മറക്കാനാവാത്തത്):
തോമസ്സ് മാഷ് എന്റെ കയ്യ് നീട്ടി വെച്ച് അടിക്കാന്‍ ഓങ്ങുമ്പോള്‍ നീണ്ടു വരുന്ന നാവ്.
പരീക്ഷാ സമയത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചുരുട്ടി കൊണ്ടുപോകുന്ന ഇന്‍സ്റ്റ്രുമന്റ് ബോക്സ്, അതിലെ ഹിരോഷിമ, നാഗസക്കി ബോംബാക്രമണത്തിന്റെ ഫോട്ടോകള്‍
അങ്ങിനെ ഒരുപാടൊരുപാടോര്‍മ്മകള്‍.
ഞാന്‍ ഹാപ്പിയാണ്. എന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്നും.




0 comments:
Post a Comment